വിജയം റാഞ്ചി കിവീസ്
റാഞ്ചി: ന്യൂസിലൻഡിനെതിരായ ട്വന്റി -20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. ആറ് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് കെട്ടിപ്പടുത്ത 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ഇന്നിംഗ്സ് 155 റൺസിന് അവസാനിച്ചു. 21 റൺസിന്റെ വിജയം നേടിയ കിവീസ് മൂന്ന് മത്സര പരമ്പരയിൽ 1 – 0 എന്ന നിലയിൽ മുന്നിട്ട് നിൽക്കുന്നു. സ്കോർ:ന്യൂസിലൻഡ് 176/6(20)ഇന്ത്യ 155 /9 (20) വിജയത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ഇന്ത്യയെ സ്പിന്നർ മൈക്കിൾ ബ്രേസ്വെല്ലിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര വരിഞ്ഞ്മുറുക്കി. ശുഭ്മാൻ […]
റാഞ്ചി: ന്യൂസിലൻഡിനെതിരായ ട്വന്റി -20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. ആറ് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് കെട്ടിപ്പടുത്ത 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ഇന്നിംഗ്സ് 155 റൺസിന് അവസാനിച്ചു. 21 റൺസിന്റെ വിജയം നേടിയ കിവീസ് മൂന്ന് മത്സര പരമ്പരയിൽ 1 – 0 എന്ന നിലയിൽ മുന്നിട്ട് നിൽക്കുന്നു.
സ്കോർ:
ന്യൂസിലൻഡ് 176/6(20)
ഇന്ത്യ 155 /9 (20)
വിജയത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ഇന്ത്യയെ സ്പിന്നർ മൈക്കിൾ ബ്രേസ്വെല്ലിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര വരിഞ്ഞ്മുറുക്കി. ശുഭ്മാൻ ഗിൽ(7), ഇഷാൻ കിഷൻ(4), രാഹുൽ ത്രിപാഠി(0) എന്നിവർ പുറത്തായതോടെ 15/3 എന്ന നിലയിലായിരുന്നു ഇന്ത്യ. സൂര്യകുമാർ യാദവ് ആറ് ഫോറും രണ്ട് സിക്സുമടക്കം പായിച്ച് 47 റൺസ് നേടി പ്രതീക്ഷ നൽകിയെങ്കിലും ഇഷ് സോധിയുടെ പന്തിൽ ഫിൻ അലന് ക്യാച്ച് നൽകി മടങ്ങി.
നായകൻ ഹാർദിക് പാണ്ഡ്യ(21) മാത്രമാണ് മധ്യനിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. വാലറ്റത്ത് 28 പന്തിൽ അഞ്ച് ഫോറുകളും മൂന്ന് സിക്സും നേടി 50 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദർ തോൽവിയുടെ കാഠിന്യം ഒഴിവാക്കി.
ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗൂസൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടിയപ്പോൾ സോധി, ജേക്കബ് ഡഫി എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടംനേടി.
നേരത്തെ, ഡാരിൽ മിച്ചൽ(59), ഡെവൺ കോൺവെ(52) എന്നിവരുടെ മികവിലാണ് ന്യൂസിലൻഡ് മികച്ച സ്കോറിലെത്തിയത്. കോൺവെയ്ക്കൊപ്പം ഫിൻ അലൻ(35) കിവീസിന് മികച്ച തുടക്കമാണ് നൽകിയത്. മാർക്ക് ചാപ്മാൻ(0), ഗ്ലെൻ ഫിലിപ്സ്(17), മൈക്കിൾ ബ്രേസ്വെൽ(1) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും മധ്യനിരയിൽ മിച്ചൽ പിടിച്ചുനിന്നു.
വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റ് നേടിയപ്പോൾ കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
What's Your Reaction?