കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 189 സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; 52 പുതുമുഖങ്ങൾ
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 189 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 52 പുതുമുഖങ്ങൾ പട്ടികയിൽ ഇടംനേടി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗാവോൺ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര ശിക്കാരിപുര മണ്ഡലത്തിൽ ജനവിധി തേടും.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ധര്‍മ്മേന്ദ്ര പ്രധാനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതിന് മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പിൽ മാറി നിൽക്കാൻ മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടറിനോട് പാർട്ടി നിർദേശിച്ചു. തിരഞ്ഞടുപ്പില്‍ സീറ്റ് ഉണ്ടാകില്ലെന്നും യുവാക്കള്‍ക്ക് വഴി മാറി നല്‍കണമെന്ന് കേന്ദ്രം നേതൃത്വം അറിയിക്കുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജഗദീഷ് ഷെട്ടര്‍ പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ താന്‍ അസംതൃപ്തനാണെന്നും തന്നെ ഒഴിവാക്കാനുള്ള മാനദണ്ഡമെന്താണെന്നും ഷെട്ടര്‍ ചോദിച്ചു.
”കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പുകളിലും 21,000 വോട്ടുകളിലധികം ഭൂരിപക്ഷത്തിനാണ് ഞാൻ ജയിച്ചത്. എന്താണ് എന്റെ കുറവ് ? ഞാൻ വളരെ നിരാശനാണ്. ഇതിനകം തന്നെ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രചാരണം കൂടുതൽ ശക്തമാക്കും. മത്സരിക്കുന്നതിൽ നിന്നും മാറിനിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. ആറ് തവണ മത്സരിച്ചു ജയിച്ചു. യാതൊരു വിധ ആരോപണവും നേരിടേണ്ടി വന്നിട്ടില്ല. പിന്നെ എന്തിനാണ് ഒഴിവാക്കുന്നത്. തന്നെ മത്സരിക്കാൻ അനുവദിക്കണമെന്നാണ് പാർട്ടിയോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ പാർട്ടിക്ക് ദോഷം ചെയ്യും”- ജഗദീഷ് പറഞ്ഞു.
ഇതിനിടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് താന്‍ പിന്‍വാങ്ങുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ എസ് ഈശ്വരപ്പ വ്യക്തമാക്കി. പാര്‍ട്ടി കഴിഞ്ഞ 40 വര്‍ഷത്തിനിടെ തനിക്ക് നിരവധി ഉത്തരവാദിത്തങ്ങള്‍ നല്‍കി. ബൂത്ത് ലെവലില്‍നിന്ന് പ്രവര്‍ത്തിച്ച് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ വരെയായി. ഉപമുഖ്യമന്ത്രിയാവാനും കഴിഞ്ഞു-അദ്ദേഹം പറഞ്ഞു.
What's Your Reaction?