ഐപിഎൽ കാണാൻ എംഎൽഎമാർക്ക് സൗജന്യ ടിക്കറ്റ്; മുഖ്യമന്ത്രി സ്റ്റാലിൻ പോലും ചിരിച്ചുപോയ ഉദയനിധിയുടെ പ്രസംഗം വൈറൽ

Apr 15, 2023 - 08:50
 0
ഐപിഎൽ കാണാൻ എംഎൽഎമാർക്ക് സൗജന്യ ടിക്കറ്റ്; മുഖ്യമന്ത്രി സ്റ്റാലിൻ പോലും ചിരിച്ചുപോയ ഉദയനിധിയുടെ പ്രസംഗം വൈറൽ

 നടനും നിർമാതാവും തമിഴ്നാട് കായികമന്ത്രിയുമാണ് ഉദയനിധി സ്റ്റാലിൻ. ഇപ്പോൾ ഉദയനിധിയുടെ നിയമസഭയിലെ പ്രസംഗം കേട്ട് പിതാവും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ ചിരിക്കുന്നതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഐപിഎൽ മത്സരങ്ങൾ കാണുന്നതിന് എംഎൽഎമാർക്ക് സൗജന്യ ടിക്കറ്റുകൾ നൽകണമെന്ന് അണ്ണാ ഡിഎംകെ എംഎൽഎ എസ് പി വേലുമണിയാണ് നിയമസഭയിൽ ആവശ്യപ്പെട്ടത്. എം എ ചിദംബരം സ്റ്റേ‍ഡിയത്തിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകൾ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ ‘സുഹൃത്തിന്റെ മകനായ’ ജയ് ഷായോട് അണ്ണാ ഡിഎംകെ എംഎല്‍എ തന്നെ ഇക്കാര്യം ചോദിക്കാനായിരുന്നു കായിക മന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉപദേശം. മറുപടി കേട്ട് എം കെ സ്റ്റാലിൻ പോലും ചിരിച്ചുപോയി. നിയമസഭയില്‍ ഉദയനിധി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

 

തമിഴ്നാട് നിയമസഭയിലെ ചർച്ചയ്ക്കിടെയാണ് തൊണ്ടമുതുർ എംഎൽഎയായ വേലുമണി ആവശ്യം ഉന്നയിച്ചത്. ഡ‍ിഎംകെ സർക്കാർ‌ ഐപിഎല്ലിന്റെ ടിക്കറ്റുകൾ സംഘാടകരിൽനിന്നു വാങ്ങിയിട്ടുണ്ടെന്നും, എന്നാൽ അണ്ണാ ഡിഎംകെ പ്രതിനിധികൾക്ക് അതു കിട്ടിയിട്ടില്ലെന്നും വേലുമണി പരാതി ഉന്നയിച്ചു. നിയമസഭാംഗങ്ങൾക്ക് ടിക്കറ്റുകൾ ഉറപ്പാക്കാൻ കായിക മന്ത്രി തന്നെ ഇടപെടണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

കായിക മന്ത്രി ഉദയനിധി സ്റ്റാലിനാണ് എംഎൽഎയുടെ ആവശ്യത്തിനു മറുപടി നൽകിയത്. ചെന്നൈയിൽ അണ്ണാ ഡിഎംകെയുടെ ഭരണകാലത്ത് എംഎൽഎമാർക്ക് ടിക്കറ്റ് കൊടുത്തത് ആരാണെന്നു തനിക്ക് അറിയില്ലെന്നായിരുന്നു ഉദയനിധിയുടെ മറുപടി. ”എന്റെ കയ്യിൽനിന്ന് പണമെടുത്ത് ടിക്കറ്റ് വാങ്ങിയാണ് മണ്ഡലത്തിലെ കായിക മേഖലയുമായി ബന്ധമുള്ളവരെ ഞാൻ കളി കാണാൻ കൊണ്ടുപോയത്. ഐപിഎൽ നടത്തുന്നത് ബിസിസിഐയാണ്. നിങ്ങളുടെ അടുത്ത സുഹൃത്ത് അമിത് ഷായുടെ മകൻ‌ ജയ് ഷായാണ് അതിന്റെ തലവൻ”- ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

”ഞങ്ങൾ പറഞ്ഞാല്‍ ജയ് ഷാ കേൾക്കില്ല. പക്ഷേ നിങ്ങൾക്കു ചോദിച്ചുനോക്കാൻ സാധിക്കുമല്ലോ? നിങ്ങൾ സംസാരിച്ച് നിയമസഭാംഗങ്ങൾക്കെല്ലാം അഞ്ചു വീതം ടിക്കറ്റ് ഉറപ്പാക്കിയാൽ അതു മതിയാകും. സർക്കാർ വേണമെങ്കിൽ അതിനു പണം നൽകുകയും ചെയ്യാം”- ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow