തകർന്ന് പാക്കിസ്ഥാൻ: ഒരു കിലോ ധാന്യപ്പൊടിക്ക് വില 3000, ഡീസലിന് 262, പെട്രോളിന് 249

കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ശ്രീലങ്കയിലാണ് നമ്മള്‍ ഈ കാഴ്ച കണ്ടത്. ഭക്ഷണത്തിനും ഇന്ധനത്തിനും വേണ്ടി പരക്കം പായുന്ന ജനത. വികലമായ സാമ്പത്തിക നയങ്ങള്‍ ഒരു ജനതയെ മുച്ചൂടും തകര്‍ത്ത, ഒരു രാഷ്ട്രത്തെ രാഷ്ട്രീയമായി അസ്ഥിരമാക്കിയ ആ കാഴ്ചകള്‍. അന്ന് സാമ്പത്തിക തകര്‍ച്ചയുടെ തുടക്കത്തിലായിരുന്നു പാക്കിസ്ഥാന്‍. സ്വന്തം കപ്പലും മുങ്ങുകയാണെന്നറിഞ്ഞിട്ടും പാക്കിസ്ഥാന്‍റെ കപ്പിത്താന്‍മാര്‍ രക്ഷാമാര്‍ഗങ്ങളൊന്നും തേടിയില്ല. ശ്രീലങ്കയില്‍ നിന്ന് പാഠം പഠിച്ചില്ല. പണ്ടേ അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയുള്ള ഒരു രാജ്യത്തിന്‍റെ അമരത്തിരുന്ന്, മാനത്തേക്ക് നോക്കുകയാണ് പാക്കിസ്ഥാന്‍. വിഭവസമ്പന്നമായ രാജ്യമാണ് […]

Feb 3, 2023 - 07:00
 0
തകർന്ന് പാക്കിസ്ഥാൻ: ഒരു കിലോ ധാന്യപ്പൊടിക്ക് വില 3000, ഡീസലിന് 262, പെട്രോളിന് 249

കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ശ്രീലങ്കയിലാണ് നമ്മള്‍ ഈ കാഴ്ച കണ്ടത്. ഭക്ഷണത്തിനും ഇന്ധനത്തിനും വേണ്ടി പരക്കം പായുന്ന ജനത. വികലമായ സാമ്പത്തിക നയങ്ങള്‍ ഒരു ജനതയെ മുച്ചൂടും തകര്‍ത്ത, ഒരു രാഷ്ട്രത്തെ രാഷ്ട്രീയമായി അസ്ഥിരമാക്കിയ ആ കാഴ്ചകള്‍. അന്ന് സാമ്പത്തിക തകര്‍ച്ചയുടെ തുടക്കത്തിലായിരുന്നു പാക്കിസ്ഥാന്‍. സ്വന്തം കപ്പലും മുങ്ങുകയാണെന്നറിഞ്ഞിട്ടും പാക്കിസ്ഥാന്‍റെ കപ്പിത്താന്‍മാര്‍ രക്ഷാമാര്‍ഗങ്ങളൊന്നും തേടിയില്ല. ശ്രീലങ്കയില്‍ നിന്ന് പാഠം പഠിച്ചില്ല. പണ്ടേ അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയുള്ള ഒരു രാജ്യത്തിന്‍റെ അമരത്തിരുന്ന്, മാനത്തേക്ക് നോക്കുകയാണ് പാക്കിസ്ഥാന്‍.

വിഭവസമ്പന്നമായ രാജ്യമാണ് പാക്കിസ്ഥാന്‍. ഫലഭൂയിഷ്ഠമായ കാര്‍ഷിക മേഖല. പാക്കിസ്ഥാന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. കരിമ്പ് ഉല്‍പ്പാദനത്തില്‍ ലോകത്ത് അഞ്ചാമത്, ഗോതമ്പ് ഉല്‍പ്പാദക രാജ്യങ്ങളില്‍ ഏഴാമത്. അരിയുല്‍പ്പാദനത്തില്‍ പത്താമത്. പരുത്തി, മാമ്പഴ, ഉരുളക്കിഴങ്ങ്, ഉള്ളി കൃഷിയില്‍ നിന്നെല്ലാം മികച്ച വരുമാനം. ലോകജനസംഖ്യയില്‍ അഞ്ചാം സ്ഥാനമുള്ള ഒരു രാജ്യത്ത് ഭക്ഷ്യസുരക്ഷയ്്ക്ക് വേണ്ടതെല്ലാം ഉല്‍പ്പാദിപ്പിക്കാന്‍ സ്വയം പര്യാപ്തതയുള്ള, ഉണ്ടായിരുന്ന രാജ്യം. ഇന്നത്തെ സ്ഥിതി അതല്ല. ജനസംഖ്യയുടെ മുക്കാല്‍പങ്കും മുറുക്കിയുടുത്തിട്ടും മൂന്നുനേരം കഴിക്കാന്‍ പറ്റാത്തവിധം ദരിദ്രരായി മാറി.

കടുത്ത തണുപ്പുള്ള ജനുവരി 23ന് രാവിലെ പാക്കിസ്ഥാന്‍ കണ്ണുതുറന്നത് ഇരുട്ടിലേക്കാണ്. ഊര്‍ജ പ്രതിസന്ധി പരിഹരിക്കാനും കുറയ്ക്കാനും സര്‍ക്കാര്‍ നടത്തിയ സാങ്കേതിക പരിഷ്കാരം തിരിച്ചടിച്ചു. 22 മണിക്കൂറാണ് ഒരു രാജ്യം മുഴുവന്‍ വൈദ്യുതിയില്ലാതെ കഴിഞ്ഞത്. ജനസാന്ദ്രതയേറിയ കറാച്ചി, ഇസ്ലാമാബാദ്, പെഷവാര്‍, ലാഹോര്‍ തുടങ്ങിയ നഗരങ്ങളിലൊക്കെ ജനജീവിതം സ്തംഭനത്തിലായി. സഹനത്തിനൊടുവില്‍ കടുത്ത പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി

പാക്കിസ്ഥാന്‍റെ ഈ തകര്‍ച്ച പൊടുന്നനെയുണ്ടാതായല്ല. രാജ്യം രൂപീകൃതമായ അന്ന് മുതല്‍ തുടരുന്ന രാഷ്ട്രീയ അസ്ഥിരതയും കെടുകാര്യസ്ഥതയും. അധികാരത്തിനും നിലനില്‍പ്പിനും വേണ്ടിയുള്ള അങ്കത്തിനിടയില്‍ രാജ്യത്ത് കുറച്ച് ജനങ്ങളുമുണ്ടെന്ന് മാറി മാറി വന്ന ഭരണനേതൃത്വങ്ങള്‍ മറന്നുപോയി. രണ്ടാമത് ഭരണത്തില്‍ പട്ടാളം നടത്തുന്ന ഇടപെടലുകള്‍. രാജ്യത്തെ ബജറ്റിന്‍റെ 18 ശതമാനവും സൈന്യത്തിനുള്ള നീക്കിയിരിപ്പാണ്. മൂന്ന് മൂന്ന് ഈ രണ്ടു പ്രതിസന്ധികള്‍ക്കും മുകളിലേക്ക് കഴിഞ്ഞ മണ്‍സൂണില്‍ പെയ്തിറങിയ മഴയും പ്രളയവും.

1739 പേരുടെ ജീവനെടുത്ത പ്രളയം. മൂന്നരക്കോടി ജനങ്ങളെ മുക്കി. 1490 കോടിയുടെ നാശനഷ്ടം. 80 ലക്ഷം ഏക്കറുകളില്‍ വിളനാശമുണ്ടായി. ദക്ഷിണ കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞു. സിന്ധ് പ്രൊവിന്‍സ്, പഞ്ചാബ്, ബലൂചിസ്ഥാന്‍ തുടങ്ങിയ മേഖലകള്‍ വെള്ളക്കെട്ടില്‍ മുങ്ങി. പാക്കിസ്ഥാന്‍റെ ഭക്ഷണമേശയില്‍ എന്നും വേണ്ട വാഴപ്പഴം, ഗോതമ്പ്, ഉള്ളി, ഈന്തപ്പഴം എന്നിവ സമൃദ്ധമായി വിളഞ്ഞിരുന്ന മേഖലകളായിരുന്നു ഇതൊക്കെ. കൃഷി പൂര്‍ണമായി നശിച്ചു. പ്രളയമുണ്ടായ പല പ്രദേശങ്ങളും ഒരു തുരുത്തായി മാറി. അവിടെ ജീവീച്ചിരുന്ന ഒരു ജനത തുടച്ചുമാറ്റപ്പെട്ടും. പാക്കിസ്ഥാന്‍ ജനസംഖ്യയുടെ മൂന്നിലൊന്നും പ്രളയക്കെടുതിക്ക് ഇരയായി. യുണിസെഫ് പുറത്തുവിട്ട കണക്ക് പ്രകാരം 40 കുട്ടികള്‍ ഇപ്പോഴും മലിനജലത്തില്‍ കഴിയുന്നു. ലക്ഷക്കണക്കിന് കുട്ടികള്‍ ഇവിടെ പോഷകാഹാരാമില്ലാതെ കഷ്ടപ്പെടുന്നു. മലിനജലത്തില്‍ കഴിയേണ്ടിവന്നവരില്‍ രോഗബാധ കൂടി. പ്രളയബാധിത മേഖലകളില്‍ മരുന്നില്ല, ഭക്ഷണമില്ല, വീടില്ല. ഒന്നുമില്ലാതായിപ്പോയ ഒരു ജനതയുടെ ദാരിദ്രനിര്‍മാര്‍ജനത്തിലും സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കുറയ്ക്കാനും ഊന്നല്‍ നല്‍കേണ്ട ചെയ്ത ഭരണകൂടം ആദ്യം ചെയ്തത് പുറത്ത് കൂടുതല്‍ കയ്യടി കിട്ടുന്ന പരിപാടിയായിരുന്നു. പുനരധിവാസവും പുനര്‍നിര്‍മാണവും. കാര്‍ഷികമേഖലയില്‍ അതുവരെ സ്വന്തമായി ഉല്‍പ്പാദിപ്പിച്ചതെല്ലാം പാക്കിസ്ഥാന് ഇറക്കുമതി ചെയ്യേണ്ടി വന്നു.

അമേരിക്ക സാമ്പത്തിക സഹായം നല്‍കുന്ന കാലത്ത് പാക്കിസ്ഥാന് ഒന്നിനും മുട്ടുണ്ടായിരുന്നില്ല. പക്ഷേ കിട്ടിയ പണത്തില്‍ കൂടുതലും പോയത് പ്രതിരോധ മേഖലയിലായിരുന്നു. ബാക്കിവന്നത് മാറി മാറി വന്ന സര്‍ക്കാരുകള്‍, തിരഞ്ഞെടുപ്പിലെ താല്‍ക്കാലിക നേട്ടം ലക്ഷ്യമിട്ട് ക്ഷേമ പദ്ധതികള്‍ക്ക് വിനിയോഗിച്ചു. വരുമാനം വര്‍ധിപ്പിക്കാനോ, ഉല്‍പ്പാദനം കൂട്ടാനോ ഒരു നടപടിയും സ്വീകരിച്ചില്ല. അഴിമതിയില്‍ മുങ്ങിയ ഭരണനേതൃത്വത്തില്‍ പാക്കിസ്ഥാന്‍ ജനതയുടെ ദുരിതം ഇരട്ടിച്ചു. വന്‍കിട ഭൂവുടമകളും ബിസിനസുകാരും ഭരണത്തിലും സൈന്യത്തിലും നിര്‍ണായക സ്വാധീനം ചെലുത്തിയതോടെ വികലമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ കാലങ്ങളായി ഒരു മാറ്റവുമില്ലാതെ തുടര്‍ന്നു.

ഇറക്കുമതി ചെയ്യാന്‍ പണമില്ലാത്തതുകൊണ്ട് ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളും നിറച്ച 8500 കണ്ടെയ്നറുകളാണ് കറാച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നത്. എന്നാല്‍ ഇതില്‍ ലക്ഷ്വറി കാറുകള്‍ക്ക് മാത്രം ക്ലിയറന്‍സ് കിട്ടി. രാജ്യം ഇത്രവലിയ പ്രതിസന്ധിയില്‍ തുടരുമ്പോഴും, ജനം ഭക്ഷണമില്ലാതെ വലയുമ്പോഴുമാണ് ഇതെന്ന് ഓര്‍ക്കണം. മിലിട്ടറി ഉദ്യോഗസ്ഥര്‍ക്ക് ടാക്സില്ലാതെ ലക്ഷ്വറി കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ നിയമമുള്ള രാജ്യമാണ് പാക്കിസ്ഥാന്‍. ചെലവ് കുറയ്ക്കലിന്‍റെ ഭാരം മുഴുവന്‍ സാധാരണക്കാരന്‍റെ ചുമലില്‍ വച്ച് സമ്പന്നരായ വിഭാഗം സുഖമായി ജീവിക്കുന്നു. ടാക്സ് പരിധി വര്‍ധിപ്പിക്കുന്നതില്‍ പാക്കിസ്ഥാന് തടസം ഇവരില്‍ നിന്നുള്ള സമ്മര്‍ധമാണ്. ഒരു ശതമാനം പാക്കിസ്ഥാനികള്‍ മാത്രമാണ് ടാക്സ് നല്‍കുന്നത്. ലോകത്തില്‍ ടാക്സ് ടു ജിഡിപി റേഷ്യോ ഏറ്റവും കുറവുള്ള രാജ്യമാണ് പാക്കിസ്ഥാന്‍. മൂലധന നിക്ഷേപത്തിനും വരുമാനം കൂട്ടാനുമുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍ കണ്ടില്ലെന്ന് നടിക്കുന്നത്.

തലയ്ക്കു മീതെ വെള്ളം വന്നപ്പോഴാണ് രക്ഷിക്കാന്‍ ആരുണ്ടെന്ന്പാക്കിസ്ഥാന്‍ ആലോചിക്കുന്നത് തന്നെ. റഷ്യയും ചൈനയും സൗദി അറേബ്യയും യുഎഇയും നല്‍കിയ സാമ്പത്തിക സഹകരണത്തിലാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത് എങ്കിലും ഇവര്‍ക്കെല്ലാം കൃത്യമായ അജന്‍ഡകളുണ്ട്. യുക്രെയിനുമായുള്ള യുദ്ധത്തില്‍ പാക്കിസ്ഥാന്‍ നിരുപാധികം റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്നു മാത്രമല്ല, ഇമ്രാന്‍ ഖാന്‍ നേരിട്ട് പുടിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ലക്ഷ്യം മറ്റൊന്നുമല്ല. അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയോട് ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ റഷ്യയുടെ പിന്തുണ ഉറപ്പാക്കുകയല്ലാതെ പാക്കിസ്ഥാന് മുന്നില്‍ വഴികളില്ലായിരുന്നു. യുക്രെയിന്‍ യുദ്ധത്തോടെ എണ്ണവിലയും ഭക്ഷണത്തിന്‍റെ വിലയും പാക്കിസ്ഥാനില്‍ കുതിച്ചുയര്‍ന്നിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ സാമ്പത്തികസഹായം നല്‍കി. ഏപ്രില്‍ മുതല്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യും. യുഎഇയും സൗദി അറേബ്യയും 9 ബില്യണ്‍ ഡോളര്‍ നല്‍കി. പാക്കിസ്ഥാനുമായി സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാനുള്ള സൗഹൃദവും തുണച്ചു. ആദ്യഘട്ടത്തില്‍ ചൈന പാക്കിസ്ഥാനുമായി അകല്‍ച്ചയിലായിരുന്നു. ചൈനയിലെ ഉയ്ഗര്‍ മുസ്ലീങ്ങള്‍ക്കിടയിലെ തീവ്രവാദമായിരുന്നു ആശങ്കയ്ക്ക് കാരണം .അവര്‍ക്ക് പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലെയും തീവ്രവാദികളുമായുള്ള സംശയാസ്പദമായ ബന്ധമായിരുന്നു ചൈനയെ പാക്കിസ്ഥാനോട് അകറ്റി നിര്‍ത്തിയിരുന്നത്.

2013-ൽ, ചൈനീസ് വികസനത്തിന്റെ പാത പ്രദർശിപ്പിക്കുന്നതിനായി പ്രസിഡന്റ് ഷി ചിന്‍പിങ് പ്രഖ്യാപിച്ച പദ്ധതിയുടെ ആണിക്കല്ല് ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ആയിരുന്നു. തെക്കുപടിഞ്ഞാറൻ ചൈനയും പാകിസ്ഥാനും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ ബന്ധമാണ് ഇത് ഉദ്ദേശിച്ചത്. പ്രളയത്തിലും കോവിഡിലുമെല്ലാം പാക്കിസ്ഥാന് സഹായഹസ്തം നീട്ടി ചൈന ഒപ്പം നിന്നു .പാക്കിസ്ഥാന്‍റെ തന്ത്രപ്രധാനമായ സ്ഥാനമാണ് ചൈനയ്ക്കുള്ള താല്‍പ്പര്യത്തിന് പിന്നിലെന്നുള്ളതാണ് വാസ്തവം.

ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ പ്രസ്താവന ഇന്ത്യ ഒട്ടും കാര്യമായി എടുത്തിട്ടില്ല. പ്രതിസന്ധിയുടെ ആഴത്തില്‍ നില്‍ക്കുമ്പോഴുള്ള ഈ മയപ്പെടുത്തല്‍ നീക്കം രാജ്യാന്തര തലത്തില്‍ പ്രതിഛായ മെച്ചമാക്കാനുള്ള ശ്രമമാണ് നന്നായി അറിയാം. ഈ ഒലിവിലയില്‍ അലിയാനോ സഹായഹസ്തം നീട്ടാനോ തല്‍ക്കാലം നടപടിയില്ല . മാത്രമല്ല സ്ഥിതി കൂടുതല്‍ ഗൗരവമുള്ളതായാല്‍ ശ്രീലങ്കയിലേതു പോലെ ഉണ്ടാവാനിടയുള്ള അഭയാര്‍ഥി പ്രവാഹം ഇന്ത്യ മൂന്‍കൂട്ടി കാണുന്നുണ്ട്. തീവ്രവാദ സംഘടനകള്‍ക്ക് ഇപ്പോള്‍ തന്നെ വളക്കുറൂള്ള മണ്ണില്‍ തീവ്രവാദ സംഘടനകള്‍ തഴച്ചു വളരാനുള്ള സാഹചര്യവും ഇന്ത്യ മുന്നില്‍ കാണുന്നുണ്ട്.

ഇനിയുള്ള ഏക ആശ്രയം ഐഎംഎഫ് ആണ്. ഇതിനകം തന്നെ പലവട്ടം ഐഎംഎഫ് സഹായം തേടിയ പാക്കിസ്ഥാന്‍റെ അവസാന പിടിവളളി. കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയില്‍ നിന്ന് മെച്ചപ്പെട്ട് ഒരു തിരിച്ചടവ് ദുഷ്കരമാണെന്ന് തിരിച്ചറിയുന്നതു കൊണ്ടുതന്നെയാണ് ഐഎംഎഫ് സഹായം വൈകുന്നത്. അഥവാ തുക നല്‍കിയാല്‍ തന്നെ കടുത്ത നിബന്ധനകളാണ്. നികുതി പരിധി കൂട്ടണം, സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കണം, ഊര്‍ജത്തിന് താരിഫ് ഏര്‍പ്പെടുത്തണം തുടങ്ങി വരുമാനം കൂട്ടാനുള്ള ഇത്തരം നിബന്ധനകള്‍ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ അതിജീവിക്കുക പാക്കിസ്ഥാന് വലിയ വെല്ലുവിളിയാണ്. ഐംഎംഎഫ് വായ്പയ്ക്കായി രൂപയുടെ വിനിമയ നിരക്കുകളില്‍ മാറ്റം വരുത്തിയതോടെ മൂല്യത്തകര്‍ച്ച പൂര്‍ണമായി.

1992ലെ ലോകകപ്പിന് പുറപ്പെടുമ്പോള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് കപ്പെടുക്കുക വിദൂര സ്വപ്നം പോലുമായിരുന്നില്ല. അന്ന് സ്വര്‍ണക്കപ്പുമായി മടങ്ങിയ ടീമിന്‍റെ നായകനായിരുന്നു ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ രാജ്യത്തെ നയിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ആഗ്രഹിച്ചത് ഇൗ നാീയകന്‍ രാജ്യത്തെ ദാരിദ്രത്തിന്‍റെ ബൗണ്ടറി കടത്തും എന്നായിരുന്നു. പക്ഷേ രാഷ്ട്രീയത്തിന്‍റെ പിച്ചില്‍ ഇമ്രാന് ആദ്യ ഓവറില്‍ തന്നെ കാലിടറി.

അവിശ്വാസം നേരിട്ട് പുറത്തുപോയ ഇമ്രാന്‍ ഖാന്‍ രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിപോലും തിരിച്ചുവരവിനുള്ള അവസരമായാണ് കാണുന്നത്. പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തുകയാണ് ഇമ്രാന്‍റെ ആവശ്യം. അധികാരമേറ്റപ്പോള്‍ ഇമ്രാന്‍ പറഞ്ഞത് പാക്കിസ്ഥാനെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കും എന്നായിരുന്നു. എന്നാല്‍ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് ഇമ്രാന്‍റെ ഭരണകാലമായിരുന്നു. 2019 ല്‍ ഐഎംഎഫുമായി ഇമ്രാന്‍ ഖാന്‍ കോടിക്കണക്കിന് ഡോളറിന്‍റെ വായ്പാ പാക്കേജ് ചര്‍ച്ച ചെയ്തു. എന്നാല്‍ സബ്സിഡി വെട്ടിക്കുറയ്ക്കലും ജീവിതച്ചെലവ് പ്രതിസന്ധിക്ക് പരിഹാരമാകുന്ന വിപണി ഇടപെടലുകളും ഇമ്രാന്‍ നിരാകരിച്ചു. സാമ്പത്തികമായി ശക്തമല്ലാതിരുന്ന രാജ്യത്ത് കയ്യടി കിട്ടാനും പ്രീതി പിടിച്ചുപറ്റാനും ഇമ്രാന്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ചു. ഖാന്റെ സാമ്പത്തിക കെടുകാര്യസ്ഥത വിദേശത്തും സ്വദേശത്തും ബാധ്യതകളേറെ വരുത്തിവച്ചു. മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ അധികാരത്തിലെത്തിയ ശേഷം ധനക്കമ്മി റെക്കോര്‍ഡ് ഉയര്‍ന്ന നിലയിലെത്തി. പാക് ജനതയുടെ വിശ്വാസം നേടാനാകാതെ അവിശ്വാസത്തില്‍ ഇമ്രാന്‍ പുറത്തു പോയെങ്കിലും പിന്നീട് അധികാരത്തില്‍ വന്ന ഷഹബാസ് ഷെരീഫിനും പ്രത്യേകിച്ചൊന്നും ചെയ്യാനായില്ല.

ഇന്ത്യാ വിരുദ്ധതയിലൂന്നിയ രാഷ്ട്രീയമാണ് എക്കാലവും പാക്കിസ്ഥാന്‍റേത്. ഇമ്രാനും വ്യത്യസ്തനായിരുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വന്ന അഞ്ചുപ്രധാനമന്ത്രിമാര്‍ ആരും അഞ്ചുവര്‍ഷം തികച്ചില്ല. നിലവിലെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാകട്ടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടത്തുന്ന കര്‍ശന ഇടപെടലുകള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ഭീതിയിലുമാണ്. ഇതിനിടയിലാണ് പെഷവാറിലെ ഭീകരാക്രമണം. ഷെഹബാസ് സര്‍ക്കാരിന്‍റെ ഏറ്റവും വലിയ വീഴ്ചയായിരുന്നു ഇത്.

97 പൊലീസുകാര്‍അടക്കം 101 പേരാണ് പെഷവറിലെ പള്ളിയില്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം. അതീവ സുരക്ഷാമേഖലയായ ഇവിടെ മുന്നൂറിനും നാനൂറിനും ഇടയ്ക്ക് പൊലീസുകാര്‍ സ്ഥിരമായി ഉണ്ടാവാറുണ്ട്. ഇത് കൃത്യമായി തിരിച്ചറിഞ്ഞു തന്നെയായിരുന്നു ആക്രമണം, സുരക്ഷാ വീഴ്ച സംഭവിച്ചെന്നും താലിബാന്‍ ഭീകരര്‍ പാക് മണ്ണില്‍ നിലയുറപ്പിക്കുന്നുവെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെയാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത് എന്നുമുള്ളതിന്‍റെ ഏറ്റവും വലിയ തെളിവ്. സിറ്റി ഓഫ് ഫ്ലവേഴസ് എന്നായിരുന്നു പെഷവാര്‍ അറിയപ്പെട്ടിരുന്നത് . പിയറും മാതളവും കൊണ്ട് ഫലഭൂയിഷ്ഠമായ ഇടം. ഇവിടെ ഭീകരവാദം വിതച്ചതും ഇപ്പോള്‍ കൊയ്യുന്നതും പാക്കിസ്ഥാന്‍ തന്നെയാണ്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം ദൂരമുള്ള തന്ത്രപ്രധാനമായ സ്ഥലം. 1980കളില്‍ അമേരിക്കയുമായി ചേര്‍ന്ന് അഫ്ഗാന്‍ മുജാഹിദ് ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കിയത് പാക്കിസ്ഥാനായിരുന്നു. പാക് മണ്ണില്‍ ഇത്തരം തീവ്രവാദ ഗ്രൂപ്പുകള്‍ താവളമാക്കുന്നതുകൊണ്ടു തന്നെയാണ് ഇവിടേക്ക് നിക്ഷേപം നടത്താന്‍ പാശ്ചാത്യ വികസിത രാജ്യങ്ങളൊന്നും തയാറാകാത്തതും.
ആഭ്യന്തരവരുമാനത്തിന്‍റെ 75 ശതമാനമാണ് കടം. സമീപഭാവിയില്‍ പോലും ഇതില്‍ നിന്ന് കരകയറാം എന്നുള്ളത് ഒരു പ്രതീക്ഷമാത്രമാണ്. രാജ്യം സൃഷ്ടിച്ചത് ദൈവം, പ്രതിസന്ധിയുണ്ടാക്കിയത് ദൈവം, ഇനി അതില്‍ നിന്ന് കരകയറ്റേണ്ടതും ദൈവം എന്ന്പറഞ്ഞത് മറ്റാരുമല്ല. പാക്കിസ്ഥാന്‍റെ ധനമന്ത്രി ഇഷാഖ് ധര്‍ തന്നെയാണ്. പ്രതിസന്ധി ഘട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കേണ്ടവര്‍ ഉത്തരവാദിത്തം ദൈവത്തെ എല്‍പ്പിച്ച് മാറി നില്‍ക്കുമ്പോള്‍ സമാശ്വാസത്തിന് ഒരു ജനത ഇനി എവിടെ പോകും? രാജ്യം രൂപീകൃതമായി 75 വര്‍ഷം പിന്നിട്ടിട്ടും ജനസംഖ്യയില്‍ പകുതി എഴുതാനും വായിക്കാനുമറിയാത്ത നിരക്ഷരര്‍ ആണെന്നുളളത് തന്നെയാണ് ഇത്രത്തോളം കരുതല്‍ ഭരണകൂടങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നതിന് തെളിവ്. ദീര്‍ഘകാലത്തേക്കുളള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍, സാമ്പത്തിക പരിഷ്കാരം കൊണ്ടുവരാന്‍ ആരു തയാറാകും. കിട്ടുന്ന വായ്പകള്‍ വാങ്ങിക്കൂട്ടി തല്‍ക്കാലം പ്രതിസന്ധി പരിഹരിക്കാനാണ് നീക്കമെങ്കില്‍ അധികം വൈകാതെ ശ്രീലങ്കയുടെ വഴി പോകാം പാക്കിസ്ഥാനും.

What's Your Reaction?

like

dislike

love

funny

angry

sad

wow