വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സർക്കാർ രൂപീകരണം ആഘോഷമാക്കാനൊരുങ്ങി ബിജെപി. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നാഗാലാൻഡിലും മേഘാലയയിലും മാർച്ച് 7 നും ത്രിപുരയിൽ മാർച്ച് 8 നുമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മൂന്ന് സംസ്ഥാനങ്ങളും പ്രധാനമന്ത്രി നേരിട്ട് സന്ദർശിക്കും. നാഗാലാൻഡിലും മേഘാലയയിലും ബിജെപിയുൾപ്പെടുന്ന സഖ്യവും ത്രിപുരയിൽ ബിജെപിയുമാണ് സർക്കാർ രൂപീകരിക്കുന്നത്. മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച പ്രകടനം ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലുമുള്ള ജനങ്ങളുടെ ഉറച്ച വിശ്വാസമാണ് കാണിക്കുന്നതെന്ന് ഫലപ്രഖ്യാപന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ പറഞ്ഞിരുന്നു. ത്രിപുരയിൽ 60 അംഗ നിയമസഭയിൽ 32 സീറ്റുകളാണ് ബിജെപി നേടിയത്. സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) ഒരു സീറ്റും നേടിയിരുന്നു.