ശബരിമലയിൽ കാണിക്കയെണ്ണിത്തളർന്ന് ജീവനക്കാർ; ഇനിയുമെണ്ണാൻ 20 കോടി രൂപയുടെ നാണയം
ആലപ്പുഴ:ശബരിമലയിൽ കാണിക്കയായി കിട്ടിയ നാണയമെണ്ണിത്തളർന്നു ജീവനക്കാർ. അറുന്നൂറിലധികം ജീവനക്കാർ തുടർച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങൾ കുന്നുകൂടി കിടക്കുകയാണ്. എണ്ണിത്തീരാതെ ഇവർക്കു പോരാനുമാകില്ല. അതിനാൽ ഇവർക്ക് അവധി നൽകാൻ ബോർഡ് പ്രത്യേക തീരുമാനമെടുക്കേണ്ട അവസ്ഥയിലാണ്. നോട്ടുകൾ എണ്ണിത്തീർന്നെങ്കിലും നാണയത്തിന്റെ മൂന്നു കൂനകളിൽ ഒന്നു മാത്രമാണുതീർന്നത്. ഈ നിലയിലാണെങ്കിൽ എണ്ണിത്തീരാൻ രണ്ടുമാസംകൂടിയെടുക്കും. ഇതിനിടെ ഡെങ്കിപ്പനി, ചിക്കൻപോക്സ് എന്നിവ ബാധിച്ചവർ ചികിത്സയ്ക്കായി പോകുകയും ചെയ്തു. ശബരിമലയിൽ സ്പെഷ്യൽ ജോലിക്കുപോയ ജീവനക്കാർ മടങ്ങിയെത്തിയത് നാട്ടിലെ ക്ഷേത്രങ്ങളെയും ബാധിച്ചിരിക്കുകയാണ്. മിക്കയിടങ്ങളിലും ഉത്സവം […]
ആലപ്പുഴ:ശബരിമലയിൽ കാണിക്കയായി കിട്ടിയ നാണയമെണ്ണിത്തളർന്നു ജീവനക്കാർ. അറുന്നൂറിലധികം ജീവനക്കാർ തുടർച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങൾ കുന്നുകൂടി കിടക്കുകയാണ്. എണ്ണിത്തീരാതെ ഇവർക്കു പോരാനുമാകില്ല. അതിനാൽ ഇവർക്ക് അവധി നൽകാൻ ബോർഡ് പ്രത്യേക തീരുമാനമെടുക്കേണ്ട അവസ്ഥയിലാണ്.
നോട്ടുകൾ എണ്ണിത്തീർന്നെങ്കിലും നാണയത്തിന്റെ മൂന്നു കൂനകളിൽ ഒന്നു മാത്രമാണുതീർന്നത്. ഈ നിലയിലാണെങ്കിൽ എണ്ണിത്തീരാൻ രണ്ടുമാസംകൂടിയെടുക്കും. ഇതിനിടെ ഡെങ്കിപ്പനി, ചിക്കൻപോക്സ് എന്നിവ ബാധിച്ചവർ ചികിത്സയ്ക്കായി പോകുകയും ചെയ്തു.
ശബരിമലയിൽ സ്പെഷ്യൽ ജോലിക്കുപോയ ജീവനക്കാർ മടങ്ങിയെത്തിയത് നാട്ടിലെ ക്ഷേത്രങ്ങളെയും ബാധിച്ചിരിക്കുകയാണ്. മിക്കയിടങ്ങളിലും ഉത്സവം നടക്കുകയാണ്. അതിനാൽ ശബരിമലയിലേക്കു നൽകിയവരെ തിരികെ അയക്കണമെന്ന് അതത് ദേവസ്വം ഓഫീസർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പമ്പ, എരുമേലി, നിലയ്ക്കൽ, പന്തളം എന്നിവിടങ്ങളിൽ ജോലിക്കായി അയച്ചവരെയാണ് നാണയമെണ്ണാനും നിയോഗിച്ചത്. മകരവിളക്കു കഴിഞ്ഞും കാണിക്കയെണ്ണുന്നതുകൂടി കണക്കാക്കി 20 വരെയായിരുന്നു ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. ഇതു നീട്ടിക്കൊടുത്തിരിക്കുകയാണ്. കാണിക്കയായി കിട്ടിയ കറൻസിയുടെ എണ്ണൽ കഴിഞ്ഞദിവസം പൂർത്തിയായി. നോട്ടും നാണയവും ചേർന്ന് 119 കോടിയാണ് ഇതുവരെ എണ്ണിത്തീർന്നത്. ഇനി 15-20 കോടിയോളം രൂപയുടെ നാണയം എണ്ണിത്തീരാനുണ്ടെന്നു കണക്കാക്കുന്നു.
രാവിലെ മുതൽ ഒമ്പതുമണിക്കൂർ തുടർച്ചയായാണ് നാണയമെണ്ണുന്നത്. സ്റ്റൂളിൽ ഇരുന്നാണു ജോലി. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങൾ വേർതിരിക്കാനായി യന്ത്രത്തിലിട്ടശേഷം ഇത് അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. ഇതിനിടയിൽ വിജിലൻസ് ഉദ്യോഗസ്ഥർ ഇടയ്ക്കിടെവന്ന് ജീവനക്കാരെ പരിശോധിക്കുകയും ചെയ്യും.
What's Your Reaction?