പൊരുതാനാവാതെ കീഴടങ്ങി ലങ്ക; ഇന്ത്യക്ക് റിക്കാർഡ് ജയം
തിരുവനന്തപുരം: വിരാട് കോഹ്ലിയും ശുഭ്മാൻ ഗില്ലും നിറഞ്ഞാടിയ മൈതാനത്ത് ശ്രീലങ്ക തകർന്നടിഞ്ഞു. മൂന്നാം ഏകദിനത്തിൽ 317 റൺസിന്റെ റിക്കാർഡ് ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരി. ഇന്ത്യ ഉയർത്തിയ 391 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 73 റൺസിനു പുറത്തായി. 10 ഓവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും രണ്ട് വീതം വിക്കറ്റ് നേടിയ കുൽദീപും ഷമിയുമാണ് ലങ്കയെ എറിഞ്ഞിട്ടത്. ഏകദിനത്തിലെ ഏറ്റവും വലിയ ജയമെന്ന റിക്കാർഡും കാര്യവട്ടത്ത് ഇന്ത്യ […]
 
                                തിരുവനന്തപുരം: വിരാട് കോഹ്ലിയും ശുഭ്മാൻ ഗില്ലും നിറഞ്ഞാടിയ മൈതാനത്ത് ശ്രീലങ്ക തകർന്നടിഞ്ഞു. മൂന്നാം ഏകദിനത്തിൽ 317 റൺസിന്റെ റിക്കാർഡ് ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരി.
ഇന്ത്യ ഉയർത്തിയ 391 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 73 റൺസിനു പുറത്തായി. 10 ഓവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും രണ്ട് വീതം വിക്കറ്റ് നേടിയ കുൽദീപും ഷമിയുമാണ് ലങ്കയെ എറിഞ്ഞിട്ടത്.
ഏകദിനത്തിലെ ഏറ്റവും വലിയ ജയമെന്ന റിക്കാർഡും കാര്യവട്ടത്ത് ഇന്ത്യ സ്വന്തമാക്കിയത്. അയർലൻഡിനെതിരെ ന്യൂസിലൻഡ് നേടിയ 290 റൺസിന്റെ വിജയം ഇന്ത്യൻ ബ്ലൂസ് പഴങ്കഥയാക്കി.
ഇന്ത്യൻ റൺമല പിന്തുടർന്ന ലങ്ക കാര്യമായ ചെറുത്തുനിൽപ്പില്ലാതെയാണ് കാര്യവട്ടത്ത് കീഴടങ്ങിയത്. ഓപ്പണർ നുവാനിഡു ഫെർണാണ്ടോ (19) ക്യാപ്റ്റൻ ദസുൻ ശനക (11) കസുൻ രജിത (13) എന്നിവരാണ് ലങ്കൻ നിരയിലെ രണ്ടക്കക്കാർ. ലങ്കൻ ഇന്നിംഗ്സിലെ മറ്റൊരു രണ്ടക്കക്കാരൻ ഇന്ത്യ വിട്ടുനൽകിയ എക്സട്ര (10) ആയിരുന്നു.
ഫീൽഡിംഗിനിടെ കൂട്ടിയിടിയിൽ ഗുരുത പരിക്കേറ്റ ജെഫ്രി വണ്ടർസെ ബാറ്റിംഗിന് ഇറങ്ങിയില്ല. ഇതോടെ 22 ാം ഓവറിൽ ഒൻപതാം വിക്കറ്റ് വീഴ്ചയിൽ ലങ്ക തോൽവി സമ്മതിച്ചു.
നേരത്തെ ക്ലാസും മാസും സമാസം ചേർത്ത് വിരാട് കോഹ്ലിയും ശുഭ്മാൻ ഗില്ലും നിറഞ്ഞാടിയതോടെ ഇന്ത്യൻ കൂറ്റൻ റൺമലയേറി.
അൺസ്റ്റോപ്പബിൾ സ്കോറിംഗ് തുടരുന്ന ക്ലാസിക് കോഹ്ലിയുടെ (പുറത്താകാതെ 166)സാക്ഷാൽ സച്ചിനെയും മറികടന്ന പ്രകടനം. കരിയറിലെ രണ്ടാം ഏകദിന സെഞ്ചുറി നേടിയ ഗില്ലിന്റെ (116) ചില്ലിംഗ് ഇന്നിംഗ്സ്. കാര്യവട്ടത്തെ കാണികൾക്ക് മൈതാനവട്ടയിലയിൽ നാലുപാടും ക്ലാസിക് ഷോട്ടുകളുടെ പാൽപ്പായിസമായിരുന്നു.
കാര്യവട്ടത്ത് വളരെ കാര്യമായിത്തന്നെയാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും (42) ഗില്ലും മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 95 റൺസ് (92 പന്തിൽ) അടിച്ചെടുത്തു. രോഹിത് പോയതിനു പിന്നാലെയെത്തിയ കോഹ്ലിയും ലങ്കയെ നിലംതൊടാൻ അനുവദിച്ചില്ല.
ഗില്ലും കോഹ്ലിയും രണ്ടാം വിക്കറ്റിൽ 131 റൺസാണ് ചേർത്തത്. ഇതിനിടെ ഗിൽ തന്റെ കരിയറിലെ രണ്ടാം സെഞ്ചുറി പൂർത്തിയാക്കി. രാജ്യാന്തര കരിയറിലെ 19–ാം ഏകദിനം കളിക്കുന്ന ഗിൽ 89 പന്തുകളിൽ നിന്നാണ് സെഞ്ചുറിയിലെത്തിയത്. 11 ഫോറും രണ്ടു സിക്സും സഹിതമാണിത്. ഗിൽ വീണതോടെ കോഹ്ലിക്ക് കൂട്ടായി ശ്രേയസ് അയ്യർ (38) വന്നു. ശ്രേയസിനൊപ്പം 108 റൺസാണ് കിംഗ് കോഹ്ലി സ്കോർബോർഡിൽ ചേർത്തത്. ശ്രേയസും വീണെങ്കിലും കോഹ്ലി ബ്രേക്കില്ലാത്ത അൺസ്റ്റോപ്പബിൾ പോർഷെയായിരുന്നു. രാഹുലും (7) സൂര്യകുമാർ യാദവും (4) വന്നതും പോയതും ഒരുപോലെയായിരുന്നു.
നാൽപ്പത്തിയാറാം ഏകദിന സെഞ്ചുറിയാണ് 85 പന്തിൽനിന്ന് കോഹ്ലി പൂർത്തിയാക്കിയത്. പരമ്പരയിലെ രണ്ടാം സെഞ്ചുറിയും തുടർച്ചയായ നാലാം മത്സരത്തിലെ മൂന്നാം സെഞ്ചുറിയുമായിരുന്നു ഇത്. ഹോംഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന റിക്കാർഡും കോഹ്ലി (21) സ്വന്തമാക്കി. സച്ചിൻ തെൻഡുൽക്കറുടെ 20 സെഞ്ചുറികളുടെ റിക്കാർഡാണ് കോഹ്ലി മറികടന്നത്.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            