കല്ലേരിയിൽ യുവാവിനെയും കുടുംബത്തെയും ആക്രമിച്ചെന്ന കേസ്; നാലുപേർ ഹാജരായി
വടകര : പുതുവത്സര ആഘോഷം കഴിഞ്ഞു മടങ്ങുന്നതിനിടെ പ്രവാസിയായ യുവാവിനെയും കുടുംബത്തെയും ആക്രമിച്ചെന്നകേസിൽ കല്ലേരി പൊയിൽപ്പാറ സ്വദേശികളായ നാലുപേർ വടകര പോലീസ് മുമ്പാകെ ഹാജരായി. കോരന്റെമലയിൽ വിജേഷ് (30), വലിയമലയിൽ ഷിഖിൽ (32), വണ്ണാറത്ത് അനൂപ് (34), വണ്ണാറത്ത് എൽജിത്ത് (38) എന്നിവരാണ് ഹാജരായത്. ഇവരുടെ അറസ്റ്റ് വടകര എസ്.ഐ. രാമകൃഷ്ണൻ രേഖപ്പെടുത്തി വിട്ടയച്ചു. സംഭവത്തിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നാലുപേർക്കും മുൻകൂർജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ ഹാജരായത്. ഡിസംബർ 31-ന് രാത്രിയിൽ കല്ലേരിയിലെ കൂളിപ്പൊയിൽ സതീശനെയും കുടുംബത്തെയും ആക്രമിച്ചെന്നാണ് കേസ്.
What's Your Reaction?