ഫ്രാൻസിസ് മാർപാപ്പയ്ക്ക് പുതിയ പ്രതിസന്ധി; വത്തിക്കാനിൽ പുതിയ കരുനീക്കം
റോം: മുൻ മാർപാപ്പ ബെനഡിക്ട് പതിനാറാമൻ്റെ മരണത്തിനു പിന്നാലെ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേർക്ക് പുതിയ പടനീക്കമെന്ന് റിപ്പോർട്ട്. ബെനഡിക്ട് പതിനാറാമൻ്റെ പിൻഗാമിയായി ചുമതലേറ്റ ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയിൽ വരുത്തിയ ചില മാറ്റങ്ങളെപ്പറ്റി ബെനഡിക്ടിൻ്റെ അടുത്ത അനുയായിയായ ജോർജ് ഗീസ്വെയിൻ എന്ന മുതിർന്ന പുരോഹിതൻ വെട്ടിത്തുറന്നു രംഗത്തെത്തുകയായിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 31ന് 95-ാം വയസിലായിരുന്നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചത്. എട്ട് വർഷത്തോളം ആഗോള കത്തോലിക്കാസഭയുടെ മേധാവിയായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2013ൽ […]
 
                                റോം: മുൻ മാർപാപ്പ ബെനഡിക്ട് പതിനാറാമൻ്റെ മരണത്തിനു പിന്നാലെ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേർക്ക് പുതിയ പടനീക്കമെന്ന് റിപ്പോർട്ട്. ബെനഡിക്ട് പതിനാറാമൻ്റെ പിൻഗാമിയായി ചുമതലേറ്റ ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയിൽ വരുത്തിയ ചില മാറ്റങ്ങളെപ്പറ്റി ബെനഡിക്ടിൻ്റെ അടുത്ത അനുയായിയായ ജോർജ് ഗീസ്വെയിൻ എന്ന മുതിർന്ന പുരോഹിതൻ വെട്ടിത്തുറന്നു രംഗത്തെത്തുകയായിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 31ന് 95-ാം വയസിലായിരുന്നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചത്.
എട്ട് വർഷത്തോളം ആഗോള കത്തോലിക്കാസഭയുടെ മേധാവിയായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2013ൽ അപ്രതീക്ഷിതമായി വിരമിച്ചതോടെയായിരുന്നു ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റത്. എന്നാൽ കണിശക്കാരനായ ബെനഡിക്ട് പതിനാറാമനെ അപേക്ഷിച്ച് താരതമ്യേന പുരോഗമനവാദിയും സഭയിൽ മാറ്റങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന നേതാവുമാണ് ഫ്രാൻസിസ് എന്നാണ് വിലയിരുത്തൽ. എന്നാൽ ലത്തീൻ കുർബാന നിയന്ത്രിക്കുന്നത് അടക്കമുള്ള പോപ് ഫ്രാൻസിസിൻ്റെ നീക്കങ്ങൾക്കെതിരെയാണ് പുതിയ പ്രതിഷേധം. അതേസമയം, ഈ വിമർശനങ്ങൾ പുതിയതല്ലെന്നും ഫ്രാൻസിസ് മാർപാപ്പ ഇത്തരം വിഷയങ്ങളിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിൽ സഭാഭരണത്തിൻ്റെ ചുമതലയുള്ള റോമൻ കൂരിയയിലെ യാഥാസ്ഥിതിക വിഭാഗത്തിന് എതിർപ്പുണ്ടെന്നുമാണ് വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോർട്ട്.
ഫ്രാൻസിസ് മാർപാപ്പയുടെ ഭരണകാലം സഭയ്ക്ക് ദുരന്തമാണെന്നും വത്തിക്കാൻ്റെ നയതന്ത്രം വലിയ തകർച്ചയിലാണെന്നും ഓസ്ട്രേലിയയിലെ കർദിനാളായിരുന്ന ജോർജ് പെൽ വിമർശനം ഉന്നയിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ മരണശേഷമാണ് ഫ്രാൻസിസ് മാർപാപ്പയ്ക്കെതിരെ പുതിയ വിമർശനം. മുൻപ് ബാലപീഡനത്തിന് ജയിൽവാസം അനുഷ്ടിച്ചയാളാണ് ഫ്രാൻസിസ് മാർപാപ്പയുടെ അടുപ്പക്കാരനായിരുന്ന കർദിനാൾ ജോർജ് പെൽ. അതേസമയം 2020ൽ കർദിനാൾ കുറ്റവിമുക്തനാകുകയും ചെയ്തിരുന്നു.
മുൻപ് ജർമനിയിൽ നിന്നുള്ള കർദിനാളായ ജെറാൾഡ് മുള്ളർ മാർപാപ്പയെ വിമർശിച്ച് എഴുതിയ പുസ്തകവും വിവാദമായിരുന്നു. മാർപ്പയ്ക്കു ചുറ്റും ഒരു മാന്ത്രികവലയമുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിശ്വാസപരമായ സന്ദേഹങ്ങളുണ്ടെന്നും വത്തിക്കാനിലെ കോൺഗ്രിഗേഷൻ ഫോർ ഡോക്ട്രിൻ്റെ മുൻനേതാവ് കൂടിയായ ഇദ്ദേഹം വിമർശനം ഉന്നയിക്കുകയായിരുന്നു. മുള്ളറുടെ പുസ്തകവും ബെനഡിക്ട് പതിനാറാമൻ്റെ മരണവും മാർപാപ്പയ്ക്കെതിരെ വത്തിക്കാനിൽ പുതിയ ആഭ്യന്തരയുദ്ധത്തിന് വഴിതെളിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അതേസമയം, കർദിനാൾമാർ പരസ്യമായ വിമർശനം ഉന്നയിക്കുന്നത് ശരിയായ രീതിയല്ലെന്നും സ്വകാര്യമായി മാത്രം നടത്തേണ്ട ആശയവിനിമയമാണ് ഇതെന്നുമാണ് വത്തിക്കാൻ വൃത്തങ്ങളുടെ പ്രതികരണം. കൂടാതെ ബെനഡിക്ട് പതിനാറാമൻ്റെ മരണം തനിക്കെതിരെ എതിരാളികൾ ആയുധമാക്കുന്നതായി കഴിഞ്ഞയാഴ്ച മാർപാപ്പയും സ്ഥിരീകരിച്ചിരുന്നു. ഇത്തരക്കാർ സഭയുടെ ഭാഗമല്ലെന്നും ഒരു ഗ്രൂപ്പിൻ്റെ ഭാഗമാണെന്നുമായിരുന്നു ദക്ഷിണ സുഡാനിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മാർപാപ്പയുടെ വാക്കുകൾ. ജെറാൾഡ് മുള്ളറുടെ പുസ്തകം ഒരു പുതിയ സംഭവമല്ലെന്നും മാർപാപ്പയുടെ എതിരാളികൾ തുടർച്ചയായി നടത്തുന്ന രാഷ്ട്രീയ ആക്രമണങ്ങളുടെ തുടർച്ചയാണെന്നും ഇറ്റലിയിൽ നിന്നുള്ള വത്തിക്കാൻ നിരീക്ഷകനായ മാർക്കോ പോളിറ്റി പറയുന്നു. മാർപാപ്പമാർ ഉള്ളിടത്തോളം കാലം വത്തിക്കാനിലെ ആഭ്യന്തരകലഹം തുടരുമെന്നും അദ്ദേഹം എഎഫ്പിയോടു പറഞ്ഞു.
സഭയുടെ ഭാവി സംബന്ധിച്ച് ‘സിനഡ് ഓൺ സിനഡാലിറ്റി’ എന്ന പേരിൽ 2021 മുതൽ വത്തിക്കാൻ ആഗോളതലത്തിൽ ചർച്ചകൾ നടത്തി വരുന്നുണ്ട്. സഭാഭരണത്തിൽ കൂടുതൽ വികേന്ദ്രീകരണം നടപ്പാക്കാനാണ് വത്തിക്കാൻ പദ്ധതിയിടുന്നത്. സഭാനേതൃത്വത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുക, ലൈംഗികാരോപണം നേരിടുന്ന പുരോഹിതർക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുക തുടങ്ങി കാലങ്ങളായി നിലവിലുള്ള ആശയങ്ങൾക്കു പുറമെ പുരോഹിതർക്ക് വിവാഹം ചെയ്യാനുള്ള അനുമതി, ലൈംഗികന്യൂനപക്ഷക്കാർക്ക് സഭയിലുള്ള സ്ഥാനം തുടങ്ങിയ സങ്കീർണമായ വിഷയങ്ങളും സഭ പരിശോധിച്ചു വരികയാണ്. ഇതിനിടയിലാണ് പുതിയ പടയൊരുക്കം.
2024ൽ സിനഡ് സമാപിക്കാനിരിക്കേ വത്തിക്കാനിലെ വിവിധ നിലപാടുകാർ തമ്മിലും ആശയസംഘർഷം ശക്തമാകുന്നുണ്ട്. കൂടാതെ അടുത്ത മാർപാപ്പയുടെ നിലപാട് എന്തായിരിക്കുമെന്ന കാര്യത്തിലും യാഥാസ്ഥിതിക വിഭാഗത്തിന് വലിയ ആശങ്കയുണ്ട്. ആരോഗ്യസ്ഥിതി മോശമാകുന്ന സാഹചര്യത്തിൽ താൻ രാജിവെച്ചാലും അതിശയിക്കേണ്ടതില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ മുൻപേ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ലോകരാജ്യങ്ങളിലേയ്ക്കുള്ള പര്യടനം ഉൾപ്പെടെയുള്ള കാര്യപരിപാടികളുമായി മാർപാപ്പ സജീവമാണു താനും. അടുത്ത വർഷം ഇന്ത്യയിലെത്തുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            